ന്യൂഡൽഹി: സിഐഎസ്എഫ് വന്ദേമാതരം കോസ്റ്റൽ സൈക്ലത്തോണിന്റെ രണ്ടാം പതിപ്പ് 28ന് ഫ്ലാഗ് ഓഫ് ചെയ്യും. തീരദേശ സുരക്ഷാ അവബോധം, ദേശീയ ഐക്യം, സമൂഹ പങ്കാളിത്തം എന്നിവ ശക്തിപ്പെടുത്തുകയാണ് സൈക്ലത്തോണിന്റെ ലക്ഷ്യം.
ന്യൂഡൽഹിയിലെ മേജർ ധ്യാൻ ചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് സൈക്ലത്തോൺ വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് ഡെപ്യൂട്ടി കമൻഡാന്റ് എം. രാമദാസും അസിസ്റ്റന്റ് കമൻഡാന്റ് കെ. രാജീവനും അറിയിച്ചു.
രാജ്യത്തിന്റെ മുഴുവൻ ഭൂപ്രദേശവും തീരപ്രദേശവും ഉൾക്കൊള്ളുന്ന 6553 കിലോമീറ്റർ 25 ദിവസംകൊണ്ടു കവർ ചെയ്യുന്ന സൈക്ലിംഗ് പര്യവേക്ഷണമാണ് സൈക്ലത്തോൺ-2026. സിഐഎസ്എഫ് സൈക്ലിസ്റ്റുകളുടെ രണ്ടു ടീമുകൾ ഒരേസമയം യാത്ര ആരംഭിക്കും.
ഗുജറാത്തിലെ കച്ച് ലഖ്പത് കോട്ട, പശ്ചിമ ബംഗാലിലെ സൗത്ത് 24 പർഗനാസിലെ ബഖാലി എന്നിവിടങ്ങളിൽനിന്നാണ് സൈക്ലത്തോൺ ആരംഭിക്കുന്നത്. രാജ്യത്തുടനീളമുള്ള തീരദേശ റോഡുകളിൽ സഞ്ചരിച്ചശേഷം ഇരു ടീമുകളും ഫെബ്രുവരി 22ന് കൊച്ചിയിൽ ഒത്തുചേരും.